1.9 C
New York
Saturday, February 21, 2026

Buy now

spot_imgspot_imgspot_img

ആശ്വാസതീരത്ത്‌ ആഹ്ലാദത്തിര ; ആമിനുമ്മയും സുബൈദയുമടക്കം ഉറപ്പുള്ള വീടുകളിലേക്ക്

കൊച്ചി

“മുടങ്ങാതെ പെൻഷനും മറ്റ് സഹായവുമായി ചേർത്തുപിടിക്കുന്ന സർക്കാർ, തലചായ്ക്കാൻ ഞങ്ങൾക്ക് സുരക്ഷിതമായ ഇടവും ഒരുക്കിയിരിക്കുന്നു’… സ്വന്തം വീട് അരികിലെത്തിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഫോർട്ട്‌കൊച്ചി മെഹബൂബ് നഗർ പാർക്ക്‌ കോളനിയിലെ ഉമ്മമാരായ സുബൈദയും ആമിനയും. വിവാഹം കഴിച്ചയച്ച മക്കളെ ഒരു രാത്രിയെങ്കിലും കൂടെനിര്‍ത്തണമെന്നത് ആമിനുമ്മയുടെ ആഗ്രഹമാണ്. ‘‘പേരക്കുട്ടികളെ നിർത്താം എന്നോർത്താൽ ആദ്യം മനസ്സിൽ വരുന്നത് അവരെ സുഖമായി എങ്ങനെ കിടത്തുമെന്നതാണ്‌. അതിനിനി സാധിക്കുമല്ലോ’’– ആമിനുമ്മ പറയുന്നു. സ്വന്തം വീടെന്ന അഭിമാനനിമിഷത്തിലാണ് കൽവത്തി, കൊഞ്ചേരി, തുരുത്തി കോളനികളിലുള്ളവർ. രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതിയാണ്‌ കൊച്ചി കോർപറേഷൻ തുരുത്തിയിൽ യാഥാർഥ്യമാക്കിയിട്ടുള്ളത്‌. രാജീവ് ആവാസ് യോജന പദ്ധതിപ്രകാരമാണ് ഫോർട്ട്കൊച്ചി തുരുത്തിയിൽ ഇരട്ട ഭവനസമുച്ചയത്തിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്. ശനി വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കും. ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ഭവനസമുച്ചയങ്ങളിൽ ആദ്യത്തേത്‌ നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും രണ്ടാമത്തേത്‌ നഗരസഭയ്‌ക്കുവേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മിച്ചത്. 10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മിച്ച ഒന്നാമത്തെ ടവറിന്റെ നിർമാണച്ചെലവ് 41.74 കോടി രൂപയാണ്. 11 നിലകളിലായി നിര്‍മിച്ച ഒന്നാമത്തെ ടവറില്‍ 300 ചതുരശ്രയടി വീതമുള്ള 199 യൂണിറ്റുകളാണുള്ളത്. ഓരോ യൂണിറ്റിലും ഡൈനിങ്, ലിവിങ് ഏരിയ, ബെഡ്റൂം, അടുക്കള, ബാല്‍ക്കണി, രണ്ട് ശുചിമുറികൾ തുടങ്ങിയവയുണ്ട്‌. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ടവറിന്റെ നിർമാണം. പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍ ആകെ 195 പാര്‍പ്പിട യൂണിറ്റുകളാണുള്ളത്. ഓരോ നിലയിലും 15 യൂണിറ്റ് വീതമുണ്ട്. താഴത്തെനിലയില്‍ 18 കടമുറികളും പാര്‍ക്കിങ് സൗകര്യവുമുണ്ട്.

സ്വാഗതസംഘം രൂപീകരിച്ചു

നഗരത്തിലെ ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് കൊച്ചി കോര്‍പറേഷന്‍ ഫോർട്ട്കൊച്ചി തുരുത്തിയില്‍ നിര്‍മിച്ച ഇരട്ട ഭവനസമുച്ചയം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിനായി സ്വാഗതസംഘം രൂപീകരിച്ചു. കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയര്‍ എം അനിൽകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷ്‌റഫ്‌, ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, ഷീബ ലാൽ, സി ഡി വത്സല കുമാരി, പി എസ് രാജം, പ്രിയ പ്രശാന്ത് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: കെ ജെ മാക്സി എംഎൽഎ (രക്ഷാധികാരി), മേയർ എം അനിൽകുമാർ (ചെയർമാൻ), ടി കെ അഷറഫ് (ജനറൽ കൺവീനർ).

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles