കൊച്ചി: കേരളത്തിന്റെ സ്വന്തം ജലമെട്രോ പൈതൃകനഗരമായ മട്ടാഞ്ചേരിയിലേക്കും. കൊച്ചിയുടെ കായൽഭംഗിക്ക് ഇണങ്ങുംവിധം നിർമാണം പൂർത്തിയാക്കിയ മട്ടാഞ്ചേരി ടെർമിനലിലേക്കും വില്ലിങ്‌ഡൺ ഐലൻഡിലേക്കുമുള്ള സർവീസുകൾ ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഫോർട്ട് കൊച്ചിക്ക് പിന്നാലെ മട്ടാഞ്ചേരി, ഐലൻഡ് എന്നിവിടങ്ങളിലേക്കും ജലമെട്രോ എത്തുന്നത് കൊച്ചിയുടെ വിനോദസഞ്ചാരമേഖലയ്‌ക്ക് വലിയ പ്രതീക്ഷ ആണ് നൽകുന്നത്.
മട്ടാഞ്ചേരി ടെർമിനലിലാണ് ഉദ്‌ഘാടന ചടങ്ങ്. രണ്ട് ടെർമിനലുകളിലേക്കും ഞായറാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ജലമെട്രോ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു. ഹൈക്കോടതി ടെർമിനലിൽനിന്ന് ഐലൻഡിലേക്കും അവിടെനിന്ന് മട്ടാഞ്ചേരിയിലേക്കും തിരിച്ചുമായിരിക്കും സർവീസ്. രണ്ട് ബോട്ടുകൾ അതിനായുണ്ടാകും.

