കൊച്ചി : റോഡിൽ വീണുകിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറി ബസ് ജീവനക്കാർ. പെരുമ്പടപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാരൻ കുമ്പളങ്ങി സ്വദേശി എൻ.പി. ആന്റണിയാണ് അറ്റ്‌ലാന്റിസ് ജങ്ഷനിലെ റോഡിൽനിന്ന് കിട്ടിയ അഞ്ചുലക്ഷം രൂപ സൗത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഉടമ ഷിഫാസിന് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ബസിന്റെ മുന്നിൽ പോയിരുന്ന ബൈക്ക് യാത്രികന്റെ ബാഗ് താഴേക്ക് വീഴുന്നത് ഡ്രൈവർ ജോയി കണ്ടിരുന്നു. ബസ് നിർത്തി ബാഗ് തുറന്നുനോക്കുമ്പോഴാണ് പണം കാണുന്നത്. പള്ളുരുത്തിയിലെ ഒരു ജൂവലറിയിലേക്ക് അവരുടെ കലൂർ ശാഖയിൽനിന്ന് ജീവനക്കാരൻ പണവുമായി ബൈക്കിൽ പോകുമ്പോഴാണ് പണം നഷ്‌ടപ്പെട്ടത്. ബസ് മുന്നോട്ടുപോകവേ, ബൈക്കിലുള്ളയാളെ ബസ് ജീവനക്കാർ കണ്ടെത്തിയെങ്കിലും പണം പോലീസിന്റെ സാന്നിധ്യത്തിൽ കൈമാറാമെന്ന് ആന്റണി പറഞ്ഞു. ജൂവലറി ഉടമ ഷിഫാസിനെ പോലീസ് വിളിച്ചുവരുത്തി സ്റ്റേഷനിൽവെച്ച് പണം കൈമാറുകയായിരുന്നു.

