കൊച്ചി: ഓണപ്പൂക്കൃഷിയിൽ ജില്ലയിലെ കുടുംബശ്രീക്ക് നേട്ടം 7,50,000 രൂപ. ‘നിറപ്പൊലിമ’ പദ്ധതിപ്രകാരമാണ് ഇൗ വർഷം പൂക്കൃഷി നടത്തിയത്. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ജില്ലയിലെ 82 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 250 ഏക്കറിലായിരുന്നു കൃഷി. ജമന്തി, മല്ലിക, വാടാമല്ലി തുടങ്ങിയവയാണ് കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾവഴി കൃഷി ചെയ്തത്.ഒരേക്കറിൽ കൃഷി ചെയ്യുന്നതിന് പലിശരഹിതവായ്‌പയായി 10,000 രൂപയും സിഡിഎസുകളിൽനിന്ന് നൽകിയിരുന്നു. പൂക്കൾക്ക് വിപണി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും കുടുംബശ്രീ ചെയ്തിരുന്നു. കുടുംബശ്രീ ഓണച്ചന്തകൾ വഴിയും മറ്റു വിപണികൾവഴിയും പൂക്കൾ വിറ്റു. കുടുംബശ്രീ അംഗങ്ങൾക്ക് ഓണക്കാലത്ത് മതിയായ വരുമാനം ഉറപ്പാക്കാനും പദ്ധതിവഴി സാധിച്ചു. പൂക്കൃഷിയിൽ നേട്ടമുണ്ടാക്കാമെന്നതിൽ കുടുംബശ്രീ പ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കാൻ നിറപ്പൊലിമ പദ്ധതി സഹായിച്ചതായി ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റെജീന പറഞ്ഞു.

