കുമ്പളങ്ങി: അധികാരികളുടെ അനാസ്ഥ മൂലം പെരുമ്പടപ്പ് – കുമ്പളങ്ങി പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. താത്കാലികമായി ടാർ ഒഴിച്ച് കുഴികൾ അടച്ചെങ്കിലും വീണ്ടും വലിയ വിള്ളലുകളാണ് പാലത്തിനു മുകളിൽ രൂപപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ ജോയിന്റുകളിൽ ഉണ്ടാകുന്ന വിള്ളലുകളിൽ കോൺക്രീറ്റ് പാളികൾ അടർന്നുപോയി ഇരുചക്രവാഹനം ഉൾപ്പെടെ അപകടത്തിൽപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
വനിതാ ഓട്ടോ ഡ്രൈവറുടെ ഓട്ടോറിക്ഷയാണ് അവസാനം കുഴിയിൽ ചാടി അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയുടെ മുൻചക്രത്തിന്റെ ഫോർക്ക് ഒടിഞ്ഞുപോവുകയും വാഹനം പാലത്തിൽ വീഴുകയും ചെയ്തു. യാത്രക്കാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതിനുമുമ്പ് പള്ളുരുത്തിയിൽ നിന്ന് അരൂർ ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ അപകടത്തിൽപ്പെട്ടിരുന്നു. അരൂർ ഭാഗത്ത് ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങൾ പലതും ഈ പാലം വഴിയാണ് കടന്നുപോകുന്നത്. നിരവധി പ്രഭാത, സായാഹ്ന സവാരിക്കാരും ഇവിടെ എത്താറുണ്ട്.
വിദേശികളടക്കം നിരവധി വിനോദസഞ്ചാരികൾ കടന്നുപോകുന്ന പെരുമ്പടപ്പ്-കുമ്പളങ്ങി പാലത്തിന്റെ കവാടത്തിന് മുന്നിൽ മാലിന്യകൂമ്പാരവും യാത്രക്കാർക്ക് ശല്യമായിരിക്കുകയാണ്. പാലത്തിനു താഴെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാർക്കിൽ കുടുംബമായി സായാഹ്നം ആസ്വദിക്കാൻ വരുന്നവരും ഈ പാലം വഴിയാണ് സഞ്ചരിക്കുന്നത്. പാലത്തിന് സമീപം പ്രവർത്തിക്കുന്ന പെരുമ്പടപ്പ് അന്തിമാർക്കറ്റിൽ മീൻ വാങ്ങാൻ കുമ്പളങ്ങിയിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്. സമീപത്തുതന്നെ നിരവധി ആരാധനാലയങ്ങളും അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്.

