മട്ടാഞ്ചേരി: കൊച്ചി കോർപറേഷന്റെ ആദ്യത്തെ ശീതീകരിച്ച സ്‌മാര്‍ട്ട് അങ്കണവാടി പ്രവർത്തനം ആരംഭിച്ചു. മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് അധ്യക്ഷനായി. നഗരസഭ വെളി ഡിവിഷനിലാണ് സ്‌മാര്‍ട്ട് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. സ്‌മാർട്ട് ക്ലാസിന്റെ മാതൃകയിൽ ഒരുക്കിയ അങ്കണവാടിയിൽ വലിയ ടെലിവിഷൻ സ്‌ക്രീൻ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടികൾ പഠിക്കുക. കുട്ടികൾക്ക് പുതിയ കിടക്കകളും കളിക്കാൻ റിമോട്ടിൽ പ്രവർത്തിക്കുന്ന വലിയ ഇലക്‌ട്രോണിക് കാറും അങ്കണവാടിയുടെ പ്രത്യേകതയാണ്. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസിന്റെ നേതൃത്വത്തിലാണ് ആധുനികരീതിയിൽ അങ്കണവാടി ഒരുക്കിയിട്ടുള്ളത്. ശീതീകരണ സംവിധാനവും ഇലക്‌ട്രോണിക് കാറുമടക്കം കൗൺസിലർ സ്വന്തം ചെലവിലാണ് സജ്ജീകരിച്ചത്. അങ്കണവാടി കെട്ടിടമാകെ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.

