മട്ടാഞ്ചേരി; കേരള കലാമണ്ഡലത്തിന്റെ പഠന പ്രദർശന കേന്ദ്രം കൊച്ചിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ഫോർട്ടുകൊച്ചി കമാലക്കടവിലെ കൊച്ചിന്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഫോക്‌ലോർ കൾച്ചറൽ സെന്ററിലാണ് കേന്ദ്രം ആരംഭിച്ചത്. സാംസ്കാരികമന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിലും കലാമണ്ഡലത്തിന്റെ പഠന- പ്രദർശന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് മന്ത്രി പറഞ്ഞു. സാംസ്കാരികവകുപ്പ് എല്ലാ താലൂക്കുകളിലും ആരംഭിച്ചിട്ടുള്ള സാംസ്കാരിക സമുച്ചയങ്ങൾ ഇതിനുവേണ്ടി സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. കെ ജെ മാക്സി എംഎൽഎ അധ്യക്ഷനായി. വൈസ് ചാൻസലർ പ്രൊഫ. ബി അനന്തകൃഷ്ണൻ, ഹൈബി ഈഡൻ എംപി, ഡോ. കലാമണ്ഡലം ഗോപി, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ക്ഷേമാവതി, രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് രണ്ടുമണിക്കൂര്‍ നീണ്ട പഞ്ചവാദ്യ മേളം അരങ്ങേറി. കൊച്ചി കപ്പൽശാലയുടെ സഹകരണത്തോടെയാണ് പ്രദർശനകേന്ദ്രം ഒരുക്കിയത്. വാരാന്ത്യങ്ങളിൽ സാംസ്‌കാരിക സെമിനാറുകളും കഥകളി, കൂടിയാട്ടംപോലുള്ള കലാരൂപങ്ങൾ കാണാനുള്ള സൗകര്യവുമൊരുക്കും. ചെറുതുരുത്തിയിലുള്ള ഹോർത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കൽ ഗാർഡനിലെ ജൈവവൈവിധ്യം കാണാൻ ടൂറിസം പാക്കേജുകളും ഒരുക്കും.

