കൊച്ചി
കേരളത്തിന്റെ കായികകുതിപ്പിന് കരുത്തുപകർന്ന് മഹാരാജാസിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോക്കി ടർഫ്. ഉദ്‌ഘാടനശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവും തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷും ടർഫിലെ പോസ്‌റ്റിൽ ഗോളടിച്ചു. മഹാരാജാസ് ഹോക്കി ടർഫ് കേരളത്തിന്റെ കായിക ഭൂപടത്തിലെ പുതിയ അടയാളപ്പെടുത്തലാകുമെന്ന് ഉദ്‌ഘാടനം ചെയ്‌ത മന്ത്രി ആർ ബിന്ദു പറഞ്ഞു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ, മേയർ എം അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർ പത്മജ എസ് മേനോൻ, സിഎസ്എംഎൽ സിഇഒ ഷാജി വി നായർ, എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ടി വി സുജ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി എൻ പ്രകാശ്, ഗവേണിങ് ബോഡി അംഗം ഡോ. എം എസ് മുരളി, കായികവിഭാഗം അധ്യക്ഷ റീന ജോസഫ്, എൻ വി വാസു എന്നിവർ സംസാരിച്ചു. ഹോക്കിയിൽ കേരളത്തിന്റെ മുന്നേറ്റത്തിനും പി ആർ ശ്രീജേഷിനെപ്പോലുള്ള താരങ്ങളെ വാർത്തെടുക്കാനും ടർഫ് മുതൽക്കൂട്ടാകും. സർക്കാർ സ്ഥാപനമായ സ്പോർട്സ് കേരള ഫൗണ്ടേഷനായിരുന്നു പദ്ധതിയുടെ നിർവഹണച്ചുമതല. സിഎസ്‌എംഎല്ലിന്റെ ഫണ്ട് ഉപയോഗിച്ച് ഗ്രേറ്റ് സ്‌പോർട്സ് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമിച്ചത്.

