കൊച്ചി
അറ്റകുറ്റപ്പണി പൂർത്തിയാക്കി കളമശേരി– വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ് രണ്ടാഴ്‌ചയ്‌ക്കകം പൂർണമായി തുറക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണി നീളുന്നതിനാൽ ഇൗ പാതയിലെ ടോൾ പിരിവ് വിലക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി മിക്കവാറും പൂർത്തിയായെന്നും രണ്ടാഴ്ചയ്ക്കകം റോഡ് പൂർണമായും തുറക്കുമെന്നും അതോറിറ്റിയും കരാറുകാരനും ഉറപ്പുനൽകി. സമയപരിധി പലതവണ ലംഘിച്ചെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇടപെടലുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.

