-0.1 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

ചന്ദർകുഞ്ജിലെ താമസക്കാർ
 7 ദിവസത്തിനകം ഒഴിയണം

കൊച്ചി

നിർമാണത്തിലെ അപാകംമൂലം അപകടാവസ്ഥയിലായ വൈറ്റില ചന്ദർകുഞ്ജ് അപ്പാർട്‌മെന്റിലെ ബി, സി ടവറുകളിലെ താമസക്കാർ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിലെ വ്യവസ്ഥകൾ ചോദ്യംചെയ്ത് താമസക്കാരുടെ കൂട്ടായ്മയും നിർമാതാക്കളായ ആർമി വെൽഫെയർ ഹൗസിങ്‌ ഓർഗനൈസേഷ (എഡബ്ല്യുഎച്ച്ഒ)നും സമർപ്പിച്ച അപ്പീലുകൾ തീർപ്പാക്കി ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവായത്. കരസേനയ്ക്കുകീഴിലെ എഡബ്ല്യുഎച്ച്ഒ നിർമിച്ച ഫ്ലാറ്റുകളിലെ രണ്ടു ടവറുകളിലായി 208 കുടുംബങ്ങളാണ്‌ താമസിച്ചിരുന്നത്‌.ഈ ടവറുകൾ പൊളിച്ചുനീക്കി അതേ സ്ഥാനത്ത് എഡബ്ല്യുഎച്ച്ഒ മുതൽമുടക്കി പുതിയവ പണിതുനൽകുന്നതാണ് പാക്കേജ്. ഇതിനുവേണ്ടിവരുന്ന അഞ്ചു വർഷക്കാലയളവിൽ ഫ്ലാറ്റ് ഉടമകൾക്ക് താമസിക്കാൻ വാടക നൽകും. ആദ്യ ആറുമാസത്തേക്ക് വാടക ഇനത്തിൽ 2.97 കോടി രൂപ എഡബ്ല്യുഎച്ച്ഒ കെട്ടിവച്ചതായി കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി കോടതിയെ അറിയിച്ചു.ബി ടവറിലെ 74 പേരും (മാസം 30,000 രൂപ) സി ടവറിലെ 78 ഉടമകളുമാണ് (മാസം 35,000 രൂപ) വാടക വാങ്ങി താമസിക്കാൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്. ശേഷിക്കുന്നവർക്ക് താൽപ്പര്യമുണ്ടെങ്കിൽ അവർക്കും അനുവദിക്കും. വാടക കരാർ ഹാജരാക്കുന്ന പക്ഷം സമയാസമയങ്ങളിൽ ഇവർക്ക് തുക വർധിപ്പിച്ചുനൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.അപ്പാർട്ട്മെന്റ് പണിയാനും പുനരധിവാസത്തിനും 175 കോടി രൂപയാണ് മുടക്കുക. എന്നാൽ നിർമാണച്ചെലവ് കാലാകാലങ്ങളിൽ ഉയരുമെന്നതിനാൽ 211.49 കോടി വേണ്ടിവരുമെന്നാണ് ജില്ലാ ഭരണവൃന്ദത്തിന്റെ നിഗമനം. എത്ര തുക വേണ്ടിവന്നാലും അത് എഡബ്ല്യുഎച്ച്ഒ വഹിക്കണം.ചന്ദർകുഞ്ജിൽ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിരുന്നവരിൽ നിന്ന്, അവർക്ക് ലഭിച്ച വരുമാനമനുസരിച്ച് അധിക തുക ഈടാക്കാമെന്ന സിംഗിൾ ബെഞ്ച് വ്യവസ്ഥ റദ്ദാക്കി. വായ്പയെടുത്ത് ഫ്ലാറ്റ് വാങ്ങുകയും നിലവിൽ മറ്റിടങ്ങളിൽ താമസിക്കുകയും ചെയ്യുന്നവർ വായ്പയുടേയും തിരിച്ചടവിന്റെയും രേഖകൾ ഹാജരാക്കിയാൽ നിശ്ചിത നിരക്കിൽ അവർക്കും വാടക അനുവദിക്കണം. പുതിയ കെട്ടിടനിർമാണത്തിനുള്ള അനുമതികൾ വാങ്ങുന്നത് എഡബ്ല്യുഎച്ച്ഒയുടെ ചുമതലയായിരിക്കും. ഉടമകളെ ഇതിനായി ബുദ്ധിമുട്ടിക്കരുതെന്നും ഉത്തരവിലുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles